Wednesday, 1 October 2014

വിദ്യാരംഭം


                     പാമ്പിന്‍ ഉറപോലെ ഉരിയണം നീ  ഈ ദേഹം
                     ഉള്ളിലേക്കിറങ്ങണം താഴ്വരയില്‍ അലയണം
                     പൂക്കളില്‍ തേന്‍ തേടും വണ്ടിനെപ്പോലെ അലയണം
                     അലഞ്ഞു നടക്കണം നിന്‍ മാനസം തന്നില്‍
                     നിന്നിലെ ചൈതന്യം പുറത്തെത്തണം
                     തെളിയണം തെളിഞ്ഞു കത്തണം കത്തിപ്പടരണം
                     ലോകമെങ്ങും നിന്‍ കാല്‍ച്ചോട്ടിലെത്തണം
                     നീ അടിമയല്ല അടിമയല്ല മായതന്‍ അടിമയല്ല
                     പര്‍വ്വതങ്ങളെ പിളര്‍ക്കുന്ന ചൈതന്യം നീ
                     സാഗര ഗര്‍ജ്ജനം നിന്നില്‍ നിന്നുയരണം
                     ശാന്തി തന്‍ പാഞ്ചജന്യം നീ മുഴക്കണം
                     കുരുക്ഷേത്രം തന്നില്‍ തെളിക്കണം നീ ഗീതയാം രഥം
                     നിന്നിലുണ്ട് രാമനും കൃഷ്ണനും
                     ക്രിസ്തുവും മുഹമ്മദും നീ തന്നെ
                     നീ ബുദ്ധന്‍ ബുദ്ധന്‍ ബുദ്ധന്‍
                     സത്യത്തെ തേടും പ്രവാചകന്‍
                     ഇതാകട്ടെ നിന്‍ വിദ്യാരംഭം

     

Monday, 23 June 2014

ലോകകപ്പിലെ ചെറുടീമുകള്‍

കറുത്ത കുതിരകളെന്ന വിശേഷണം ഓരോ ലോകകപ്പിലും ഓരോ ടീമിന് ചാര്‍ത്തി നല്‍കാറുണ്ട്.വമ്പന്‍ ടീമുകളുടെ വഴിമുടക്കി സെമി വരെ മുന്നേറിയ ചരിത്രം ഇത്തരം ടീമുകള്‍ സ്വന്തമാക്കാറുണ്ട്.98ലെ ലോകകപ്പില്‍ ക്രൊയേഷ്യയും, 2002ല്‍ ദക്ഷിണകൊറിയയും,2010ല്‍ യുറൂഗ്വയും ഈ വിശേഷണങ്ങള്‍ക്ക് അര്‍‍ഹരായിരുന്നു.ബ്രസീല്‍ ലോകകപ്പില്‍ ഒരു ടീമിനെ മാത്രം ഈ ഗണത്തില്‍പ്പെടുത്താന്‍ കഴിയുമെന്ന് കരുതുന്നില്ല.ലോകകപ്പിന് മുമ്പ് ബെല്‍ജിയത്തിനായിരുന്നു ഈ വിളിപ്പേര് ചാര്‍ത്തി നല്‍കിയിരുന്നതെങ്കില്‍ ഗ്രൂപ്പ് മത്സരങ്ങള്‍ അവസാനഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ ഒരു പിട ടീമുകള്‍ കുതിരശക്തിയില്‍ കുതിക്കാനൊരുങ്ങി നില്‍ക്കുന്നു.ജര്‍മ്മന്‍ കരുത്തിനെ വരിഞ്ഞുകെട്ടിയ ഘാന,ബ്രസീലിനെ മെരുക്കിയ മെക്സിക്കോ,യുറൂഗ്വയേയും, ഇറ്റലിയേയും തോല്‍പ്പിച്ച കോസ്റ്റാറിക്ക,പിന്നെ ബെല്‍ജിയവും.ദക്ഷിണകൊറിയക്കെതിരെ ഉജ്ജ്വലജയം സ്വന്തമാക്കിയ അള്‍ജീരിയയേയും,മരണഗ്രൂപ്പില്‍ മികച്ച കളി പുറത്തെടുത്ത അമേരിക്കയേയും ഈ പട്ടികയില്‍പ്പെടുത്താം.ജര്‍മ്മനിക്കെതിരെ ഗോള്‍ വഴങ്ങിയെങ്കിലും പിന്നീട് ഒരു ഗോളിന് മുന്നിട്ടു നിന്ന ശേഷമാണ് ഘാന സമനില വഴങ്ങിയത്.ജര്‍മ്മനി പോലെ താരസമ്പന്നമായ ഒരു ടീമിനെതിരെ കുറച്ചു നേരത്തേക്കെങ്കിലും മുന്നിട്ടു നില്‍ക്കാന്‍ കഴിഞ്ഞത് ആഫ്രിക്കന്‍ ടീമിന്‍റെ ശക്തിയാണ്.ജര്‍മ്മനിയെ സമനിലയില്‍ തളച്ചതോടെ ഘാനയും മരണഗ്രൂപ്പില്‍ നിന്ന് പ്രീ ക്വാര്‍ട്ടറിലേക്കുള്ള പടിവാതിലിലാണ്.എ ഗ്രൂപ്പില്‍ നിന്ന് അനായാസം പ്രീ ക്വാര്‍ട്ടറിലേക്ക് കടക്കാനൊരുങ്ങിയ ബ്രസീലിന് വിലങ്ങു തടിയായത് മെക്സിക്കോയാണ്.ഗോള്‍കീപ്പര്‍ ഗുല്ലിര്മോ ഒച്ചോവയാണ് ബ്രസീലിനെതിരായ മത്സരത്തില്‍ മെക്സിക്കോയുടെ സൂപ്പര്‍സ്റ്റാര്‍.മൂന്ന് മുന്‍ ലോകചാമ്പ്യന്‍മാര്‍ ഉള്‍പ്പെട്ട ഗ്രൂപ്പില്‍ നിന്ന് ആദ്യം പ്രീ-ക്വാര്‍ട്ടറിലെത്തിയ ടീമാണ് കോസ്റ്റാറിക്ക.യുറൂഗ്വയെ തോല്‍പ്പിച്ചു തുടങ്ങിയ ഈ കോണ്‍കാഫ് ടീം പിന്നീട് ഇറ്റലിയേയും തോല്‍പ്പിച്ചപ്പോള്‍ ഫുട്ബോള്‍ ലോകം ഞെട്ടിത്തരിച്ചു.പ്രതീക്ഷക്കൊത്ത കളി പുറത്തെടുക്കുന്നില്ലെങ്കിലും ബെല്‍ജിയത്തിന്‍റെ ശക്തി അപ്രവചനീയം തന്നെ.എഡെന്‍ ഹസാര്‍ഡും,മറൌന്‍ ഫെല്ലിനിയും ഉള്‍പ്പെട്ട ടീമിനെ മറ്റു ടീമകള്‍ പേടിക്കുമെന്ന് ഉറപ്പ്.ഗ്രൂപ്പ് എച്ചില്‍ ബെല്‍ജിയത്തിന് പുറകില്‍ പ്രീ ക്വാര്‍ട്ടര്‍ സാധ്യത ഏറെ കല്‍പ്പിക്കപ്പെടുന്നത് അള്‍ജീരിയക്കാണ്.ആദ്യ മത്സരത്തില്‍ ബെല്‍ജിയത്തോട് പരാജയപ്പെട്ടെങ്കിലും ദക്ഷിണകൊറിയക്കെതിരെ രണ്ടിനെതിരെ നാലു ഗോളിന്‍റെ ജയം സ്വന്തമാക്കിയാണ് അള്‍ജീരിയ പ്രീക്വാര്‍ട്ടര്‍ സാധ്യത വര്‍ധിപ്പിച്ചത്.മൂന്നു പതിറ്റാണ്ടിന് ശേഷമാണ് അള്‍ജീരിയ ലോക ഫുട്ബോള്‍ മാമാങ്കത്തില്‍ ജയം രുചിക്കുന്നത്.ഗ്രൂപ്പ് ജിക്ക് മരണഗ്രൂപ്പെന്ന വിശേഷണം നല്‍കിയത് പോര്‍ച്ചുഗലിനും,ജര്‍മ്മനിക്കുമൊപ്പമുള്ള അമേരിക്കയുടെ സാന്നിധ്യം തന്നെ.ഈ ബഹുമതിയെ വിലമതിക്കുന്ന പ്രകടനമാണ് കഴിഞ്ഞ രണ്ടു കളികളിലും അമേരിക്ക പുറത്തെടുത്തത്.ആദ്യ മത്സരത്തില്‍ ഘാനയെ തോല്‍പ്പിച്ച ടീം രണ്ടാമത്തെ മത്സരത്തില്‍ പോര്‍ച്ചുഗലിനോട് അവസാന 30 സെക്കന്റില്‍ വഴങ്ങിയ ഗോളിനാണ് സമനിലയില്‍ വീണത്.അടുത്ത മത്സരത്തില്‍ ജര്‍മ്മനിക്കെതിരെയും മികച്ച കളി പുറത്തെടുത്ത് പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കാനുള്ള തയ്യാറെടുപ്പിലാകും അമേരിക്ക.ഇവിടെ പ്രതിപാദിച്ച ടീമുകള്‍ കപ്പുയര്‍ത്തുമെന്ന് ഉറപ്പിച്ചു പറയാനാകില്ല.എങ്കിലും നോക്കൌട്ട് ഘട്ടത്തില്‍ വമ്പന്‍ ടീമുകള്‍ക്ക് തലവേദനയാകാന്‍ ഇവര്‍ ഉണ്ടാകുമെന്ന് ഉറപ്പ്.